കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിംഗ്: പരിസ്ഥിതി സംരക്ഷണത്തിനുള്ള പുത്തൻ ചുവട് വെപ്പ്
ഹരിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിംഗും, ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനും അനുവദിക്കുന്നതിനായി, മന്ത്രി സഭായോഗം അംഗീകാരം നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണ്. ഗ്രീൻ റേറ്റിംഗിനായി കെട്ടിടങ്ങളെ ഏക കുടുംബ വാസഗൃഹ കെട്ടിടങ്ങൾ, അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, വ്യാവസായിക കെട്ടിടങ്ങൾ, മറ്റ് കാറ്റഗറി കെട്ടിടങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചു. വിവിധ ഗ്രീൻ റേറ്റിംഗ് വ്യവസ്ഥകൾക്ക് അനുസൃതമായി കെട്ടിടത്തിനു ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് എ, ഗ്രേഡ് ബി എന്നിങ്ങനെ തരംതിരിച്ച് പുതിയ/നിലവിലുള്ള കെട്ടിടങ്ങൾക്ക് ഗ്രീൻ റേറ്റിങ് നൽകും.
ഐജിബിസി, ജിആർഐഎച്ച്എ, എൽഇഇഡി, യുഎസ്ജിബിസി, ബിആർഇഇഎഎം, സിഎഎസ്ബിഇഇ തുടങ്ങിയ നാഷണൽ, ഇന്റർനാഷണൽ സർട്ടിഫിക്കേഷനുള്ള കെട്ടിടങ്ങളെ ഈ പ്രക്രിയ അനുസരിച്ച് ഗ്രേഡ് എ ഹരിത കെട്ടിടങ്ങൾ ആയി കണക്കാക്കും. ഗ്രേഡ് എ, ഗ്രേഡ് ബി എന്നിങ്ങനെ റേറ്റ് ചെയ്ത് പുതിയ /നിലവിലുള്ള കെട്ടിടങ്ങൾക്ക് കാലാകാലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
ഗ്രേഡ് എ കെട്ടിടങ്ങളുടെ പരിധിയിൽ വരുന്ന നാലു വിഭാഗങ്ങൾക്കും കെട്ടിട നികുതിയിൽ 50% ഇളവ് ലഭിക്കും. ഗ്രേഡ് ബിയുടെ പരിധിയിൽ വരുന്ന നാല് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾക്കും കെട്ടിടനികുതിയുടെ 25 ശതമാനം ഇളവ് ലഭിക്കും. ഈ ഇളവ് ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതിക്ക് ശേഷം പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് മാത്രമായിരിക്കും. ഗ്രേഡ് എയുടെ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഒരു ശതമാനവും ഗ്രേഡ് ബിയുടെ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് 0.5 ശതമാനം ഇളവും ലഭിക്കുന്നതാണ്.
വസ്തു ഇടപാട് നടന്നതിനുശേഷം ഹരിത കെട്ടിടങ്ങൾ നിർമ്മിക്കുകയും ഗ്രീൻ സർട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യുന്ന കേസുകളിൽ നിലവിലുള്ള ഹരിത കെട്ടിടത്തിന്റെ മൂല്യം കണക്കിലെടുത്ത് സിപിഡബ്ല്യുഡി നിരക്കിൽ തയ്യാറാക്കിയ വാലുവേഷൻ സർട്ടിഫിക്കറ്റ് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇൻസന്റീവ് ലഭിക്കുക. ഹരിത കെട്ടിടങ്ങളുടെ ഗ്രേഡ് മാറ്റം ഒഴികെയുള്ള സന്ദർഭങ്ങളിൽ ഗ്രീൻ സർട്ടിഫിക്കേഷനെ തുടർന്നുള്ള ആദ്യത്തെ വസ്തു ഇടപാടിന് മാത്രമേ സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇൻസന്റീവ് ബാധകമാകു.
ഗ്രേഡ് എ പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് ഇലക്ട്രിസിറ്റി താരിഫിൽ 10 ശതമാനവും ഗ്രേഡ് ബി പരിധിയിൽ വരുന്ന കെട്ടിടങ്ങൾക്ക് 5ശതമാനം ഇളവും ലഭിക്കും. ഈ ആനുകൂല്യം ഹരിത കെട്ടിടമായി മാറ്റിയ നിലവിലുള്ള കെട്ടിടങ്ങൾക്കും പുതിയതായി നിർമ്മിച്ച കെട്ടിടങ്ങൾക്കും ബാധകമാണ്.
ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷൻ ലഭിക്കാൻ താൽപര്യമുള്ള കെട്ടിട ഉടമകൾ കെട്ടിടത്തിന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം എംപാനൽഡ് കൺസൾട്ടന്റ് മുമ്പാകെ അനുബന്ധ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
ഗ്രീൻ ബിൽഡിങ് റേറ്റിംഗ് നിശ്ചയിക്കുന്നതിനുള്ള എംപാനൽ കൺസൾട്ടൻസി ലൈസൻസി അപേക്ഷയുടെ സൂക്ഷ്മ പരിശോധന നടത്തി, ഗ്രീൻ റേറ്റിംഗിനുള്ള മാനദണ്ഡങ്ങൾ കെട്ടിടം പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് 60 ദിവസത്തിനുള്ളിൽ സർട്ടിഫിക്കേഷൻ നൽകണം. പെർമിറ്റ്ഫീസിന്റെ 50 ശതമാനം ഇവാലുവേഷൻ ഫീസായി ഈടാക്കാവുന്നതാണ്. ഗ്രീൻബിൽഡിംഗ് സർട്ടിഫിക്കേഷന് രണ്ടുവർഷത്തേക്ക് പ്രാബല്യം ഉണ്ടായിരിക്കും.